നിറങ്ങളോടും സ്വരങ്ങളോടുമുള്ള ഇഷ്ടങ്ങൾ പ്രസരിപ്പിക്കുന്നതിനു ലഭിക്കുന്ന അവസരങ്ങളായിരുന്നു,പട്ടാമ്പി സ്‌കൂളിലെ അധ്യാപന കാലം.ആൽബം പാട്ടുകളുടെയും,ഭജനഭാവസംഘനൃത്തങ്ങളുടെയും,ഒപ്പന ഇശലുകളുടെയും പരിസരങ്ങളിൽ വളർന്നു വന്നവരെ സ്വതന്ത്രവും അനന്തവുമായ കലയുടെ ലോകത്തിൽ ഇടപഴകാൻ പ്രാപ്തരാക്കുകയായിരുന്നു താല്പര്യം. എവിടെയും ഏതു നാട്ടിലും സവിശേഷമായ കലാ രീതികളുണ്ടെന്നും ചിത്ര രീതിയിലും, സംഗീത രീതിയിലും, നൃത്തരീതിയിലും, സാഹിത്യ രീതിയിലും...... മനുഷ്യൻ സഞ്ചരിച്ച എല്ലാ സർഗ്ഗാത്മക മേഖലകളിലും ഇവ കാലോചിത മാറ്റങ്ങൾക്കു വിധേയമായും വേറിട്ടും നിലനിൽക്കുന്നുണ്ടെന്നും അവയെ തിരിച്ചറിയാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അവരെ ഓർമ്മിപ്പിക്കാൻ കൂടിയായിരുന്നു അവ.ബ്ലാക്ക് ബോഡ് ചിത്രങ്ങൾ അവരെ പുറത്തെ വെയിലിനും,വസന്തത്തിനും,വരൾച്ചയ്ക്കും,മഴയ്ക്കും, ഇലയിളക്കങ്ങൾക്കും അകത്തെ സ്വപ്നങ്ങൾക്കും ഒപ്പം സഞ്ചരിക്കാൻ ശീലിപ്പിക്കലായിരുന്നു.ഏതെങ്കിലും തരത്തിൽ അവരെ മത്സരങ്ങൾക്ക് പ്രാപ്‌തരാക്കുക എന്നത് പരിഗണനാ വിഷയമായിരുന്നില്ല.പകരം കണ്ണാടിയിൽ കാണും പോലെ സ്വജീവിതത്തെയും, സമൂഹത്തെയും ഉള്ളിൽ കൊണ്ട് നടക്കുന്ന, തെളിഞ്ഞ വിധേയത്വം ഭൂമിയോടും സർവ ചരാചരങ്ങളോടും ഉള്ളവരാവാൻ ബ്ലാക്ക് ബോഡ് ചിത്രങ്ങൾ പ്രേരണയാകും വിധം പരിശ്രമിച്ചിരുന്നു. അവർക്കു വേണ്ടി ചെയ്ത ചെറു ചിത്ര വീഡിയോകൾ അവരിൽ അത്തരത്തിൽ മനോഭാവം വളർത്തുമെന്നും കരുതുന്നു.നമുക്കു ചുറ്റും കാണുന്ന കാഴ്ചകളെയും ,അനുഭവങ്ങളെയും, ക്രിയാത്മകമായി പരിവർത്തനം ചെയ്യുന്ന കലാകാരൻ അവരുടെ മീഡിയത്തിലൂടെ അതിനെ പുനരാവിഷ്ക്കരിക്കുന്നതാണ് കലാസൃഷ്ടി എന്ന നിലയിൽ പിന്നീട് കാലത്തിനും,ദേശങ്ങളുടെ അതിരുകൾക്കും അപ്പുറത്തേയ്ക്ക് വളരുന്നത്.ലോകത്തെവിടെയും തിരിച്ചറിയപ്പെടുന്ന മാനവിക മൂല്യങ്ങൾ ആണ് കലാരൂപങ്ങൾക്കു വേർഡ് വൈഡ് ആയ പരിഗണന ലഭിക്കാൻ കാരണമാവുന്നത്.
Comments
Post a Comment